പത്തനംതിട്ട : പേവിഷബാധക്കെതിരെയുള്ള വാക്സിൻ എടുത്ത് മൂന്നുമാസങ്ങൾക്ക് ശേഷം പതിമൂന്ന്കാരി മരണപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ പുല്ലാട് ചാത്തൻപാറ ബിനോയ് ഭവനിൽ ബിനോജി ജില്ലാ കളക്ടർക്ക് പരാതി നൽകി. മരണശേഷം നടത്തിയ സാമ്പിൾ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വാക്സിൻ എടുത്തശേഷം മകൾ ഭാഗ്യലക്ഷ്മിക്ക് പേവിഷബാധ ഉണ്ടായതിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബറിൽ സ്കൂളിൽ പോകാനായി നിൽക്കുമ്പോൾ സമീപത്തെ വീട്ടിൽ വളർത്തുന്ന നായയാണ് ഭാഗ്യലക്ഷ്മിയെ കടിച്ചത്. മകൾക്ക് കടിയേറ്റ ശേഷം പഞ്ചായത്ത് തുടർനടപടി സ്വീകരിച്ചില്ലെന്നും ബിനോയിയുടെ പരാതിയിൽ പറയുന്നു.
വാക്സിൻ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചതിൽ ഡി.എം.ഒയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടർ എസ്.പ്രേം കൃഷ്ണൻ വ്യക്തമാക്കി. ഏപ്രിൽ 9നാണ് പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി പേവിഷ ബാധയേറ്റ് മരിക്കുന്നത്. വാക്സിൻ എടുത്തിട്ടും പേവിഷ ബാധ ഉണ്ടാകുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുത്തിവെയ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്ന് മാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സംസ്ഥാന പബ്ലിക്ക് ഹെൽത്ത് ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്.