റാന്നി : തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് കയ്യേറ്റക്കാരില്‍ നിന്നും വധഭീഷണി. പന്തളം – ശബരിമല തിരുവാഭരണ പാതയിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോയാല്‍ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലായെയും കോഴഞ്ചേരി താലൂക്ക് കൺവീനർ മനോജ് കോഴഞ്ചേരിയെയും വധിക്കുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് കോഴഞ്ചേരി സ്വദേശി അനിലിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.
പന്തളം – ശബരിമല തിരുവാഭരണ പാതയിൽ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടർ ഒഴിപ്പിക്കല്‍ നടപടിയുമായി മുമ്പോട്ടു പോവുകയാണ്. 485 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കാനുള്ളത്. പന്തളം മുതൽ ളാഹ വരെയുള്ള 43 കിലോമീറ്റർ ദൂരത്തിലാണ് ഇത്രയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനുള്ളത്. കഴിഞ്ഞ ഒരു മാസമായി അധികൃതർ നോട്ടീസ് നല്കിക്കൊണ്ടിരിക്കുകയാണ്. കയ്യേറ്റ സ്ഥലങ്ങളിൽ നിന്നും 15 ദിവസത്തിനകം ഒഴിഞ്ഞുമാറണമെന്നാണ് നോട്ടീസ്.
അധികൃതരുടെ ഭാഗത്തുനിന്നും ഒഴിപ്പിക്കൽ നടപടികൾ ഉര്‍ജ്ജിതമായപ്പോള്‍ കയ്യേറ്റക്കാരിൽ ചിലര്‍ ഭീഷണിയുമായി രംഗത്തെത്തി. കോഴഞ്ചേരി വില്ലേജിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുമ്പോൾ കോഴഞ്ചേരി സ്വദേശിയാണ് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രവർത്തകര്‍ക്കെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയത്. മൂന്നോളം പ്രാവശ്യം ഫോണില്‍ വിളിച്ചിരുന്നുവെന്നും കേട്ടാല്‍ അറക്കുന്ന അസഭ്യവാക്കുകളാണ് അനില്‍ ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു. വടിവാള്‍ വാങ്ങി വെച്ചിട്ടുണ്ടെന്നും വെട്ടിനുറുക്കുമെന്നും പലപ്രാവശ്യം ഭീഷണിപ്പെടുത്തുന്നുണ്ട്. കോടാനുകോടി ജനങ്ങൾ ആരാധിക്കുന്ന അയ്യപ്പ സ്വാമിയെ അവഹേളിക്കുന്ന തരത്തിലും മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലും ഇയാള്‍ സംസാരിച്ചതായി പരാതിക്കാര്‍ പറയുന്നു. കോള്‍ റെക്കോഡ് സഹിതമാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം നടപടികൾ അപലപനീയമാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് മൂലം തിരുനാൾ പി ജീ ശശികുമാര വർമ്മ പറഞ്ഞു. തിരുവാഭരണ പാതയുടെ കയ്യേറ്റങ്ങൾ റവന്യൂ രേഖയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിട്ടുള്ളത്. സർക്കാർ സ്ഥലങ്ങൾ കയ്യേറിയവർക്കാണ് നോട്ടീസുകൾ നൽകിയിട്ടുള്ളത്. ഈ നടപടികൾ പുരോഗമിക്കുമ്പോൾ അത് തടസ്സപ്പെടുത്തുവാനും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുവാനുമുള്ള നീക്കം അപലപനീയമാണ്. പരാതി അര്‍ഹിക്കുന്ന ഗൌരവത്തോടെ എടുത്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പി ജീ ശശികുമാര വർമ്മ ആവശ്യപ്പെട്ടു.