തിരുവല്ല : തിരുവല്ല ബൈപാസ് നിര്‍മാണം മേയ് 31 നകം പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. മാത്യു.ടി.തോമസ് എം.എല്‍.എ യോടൊപ്പം ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴുവങ്ങാട് ചിറ മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തിന്റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരം പൂര്‍ത്തിയാക്കും. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗം വയഡക്ടിന്റെ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മേയ് 31 ന് തുറന്നു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളി റോഡു മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്ത് വയഡക്ടില്‍ പത്ത് തൂണുകളാണുള്ളത്. ഇതില്‍ ഒരു മാസത്തില്‍ 10 ഗര്‍ഡറുകള്‍ വീതം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മാസത്തില്‍ 12 ഗര്‍ഡറുകള്‍ വീതം നാല് മാസം കൊണ്ട് 36 ഗര്‍ഡറുകള്‍ നിര്‍മിച്ച് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മഴുവങ്ങാട് ചിറമുതല്‍ പുഷ്പഗിരി റോഡു വരെയുള്ള ഭാഗത്തെ വശങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ ഉടന്‍ സ്ഥാപിക്കും. പുഷ്പഗിരി റോഡുമായി ചേരുന്ന ഭാഗത്ത് കൂടുതല്‍ സ്ഥലം വിട്ടു നല്കുമെന്ന് നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ അറിയിച്ചു. ഇതു പ്രകാരം നിലവില്‍ നിശ്ചയിച്ച അഞ്ച് സിഗ്‌നല്‍ ലൈറ്റിന് പുറമെ ഈ ഭാഗത്ത് ഒരു സിഗ്‌നല്‍ ലൈറ്റ് കൂടി സ്ഥാപിക്കും. മഴുവങ്ങാട്, ബി വണ്‍ ബി വണ്‍, റെയില്‍വേ, മല്ലപ്പള്ളി, രാമഞ്ചിറ റോഡുകളിലാണ് മറ്റ് സിഗ്നല്‍ ലൈറ്റുകള്‍ നിര്‍മിക്കുന്നത്. ബൈപാസ് റോഡില്‍ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും കെ.എസ്.ടി.പി തീരുമാനിച്ചു.
വയഡക്ടിന്റെയും മേല്‍പാലത്തിന്റെയും താഴെയുള്ള ഭാഗം പാര്‍ക്കിംഗിനായി ഉപയോഗിക്കാമെന്ന് മാത്യു.ടി.തോമസ് എം എല്‍.എ നിര്‍ദേശിച്ചു. ബി വണ്‍ ബി വണ്‍റോഡിന്റെ നിര്‍മാണത്തിന് 100 ലോഡ് പച്ച മണ്ണും മല്ലപ്പള്ളി – രാമഞ്ചിറ റോഡില്‍ 300 ലോഡ് മണ്ണും ആവശ്യമാണ്. അത് ലഭിക്കുന്ന പ്രകാരം നിര്‍ദിഷ്ട സമയത്തില്‍ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ടി.പി ചീഫ് എഞ്ചിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ് പറഞ്ഞു.
തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാജി തിരുവല്ല, കെ.എസ്.ടി.പി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ എം.സി സുഷമ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി സി.ഇ. ഒ സണ്ണി ജോണ്‍, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ബി.സുബാഷ്, കെ.എസ്.ടി.പി അസിസ്റ്റന്റ് എഞ്ചിനീയര്‍ റഹമത്ത് ബീവി, കെ.എസ്.ടി.പി കണ്‍സള്‍ട്ടന്റ് വര്‍ഗീസ് കുര്യന്‍, ബൈപാസ് റോഡ് കോണ്‍ട്രാക്ടര്‍ സഞ്ജു മുഹമ്മദ് തുടങ്ങിയവര്‍ എം.എല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.