പത്തനംതിട്ട : വിവരാവകാശ അപേക്ഷക്ക് മറുപടിയില്ല. അവസാനം കേരളാ ഗവര്‍ണര്‍ തന്നെ ഇടപെടേണ്ടി വന്നു. സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകിയ അപ്പീലുകളിൽ ഒന്നര വർഷത്തിലേറെ ആയിട്ടും ഹിയറിങ്ങിന് പോലും വിളിക്കാതെ യാതൊരു കാരണമില്ലാതെ കാലതാമസം വരുത്തുന്നതിനെതിരെ പത്തനംതിട്ടയിലെ വിവരാവകാശ പ്രവർത്തകന്‍ മനോജ് ബഞ്ചമിന്‍ ആണ് കേരളാ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഹിയറിംഗ് കഴിഞ്ഞ അപ്പീലിൽ വിധി പറയാതെ മനപൂര്‍വ്വം കാലതാമസം വരുത്തുകയാണെന്ന് മനോജ് നല്‍കിയ പരാതിയില്‍ പറയുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷനെതിരെയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉചിതമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഗവര്‍ണര്‍ക്കുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യ വിവരാവകാശ കമ്മീഷണരോട് ആവശ്യപ്പെട്ടു.
പലപ്പോഴും വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ ഉരുണ്ടുകളിക്കാറുണ്ടെന്നും അഴിമതി മൂടിവെക്കുവാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും മനോജ് പറഞ്ഞു. അപേക്ഷകള്‍ പരമാവധി വെച്ച് താമസിപ്പിക്കുക പതിവാണ്. അപ്പീല്‍ അധികാരിക്ക് അപേക്ഷ കൊടുത്താലും സ്ഥിതി മറിച്ചല്ല. അഴിമതി മൂടി വെക്കുന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നോട്ടുപോകുന്ന പ്രശ്നമില്ലെന്നും നല്‍കുന്ന അപേക്ഷക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ നിയമപരമായി എവിടെവരെ പോകാമോ അവിടെവരെ പോകുമെന്നും പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ മനോജ് ബഞ്ചമിന്‍ പറഞ്ഞു.