പത്തനംതിട്ട : തമിഴ്‌നാട്ടില്‍ നിന്ന് തിരുവല്ലയില്‍ പച്ചക്കറിയുമായെത്തിയ വാന്‍ ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 24 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. താലൂക്ക് ആശുപത്രി, ചാത്തങ്കരി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ഇന്നലെ ഇവരുടെ സാമ്പിള്‍ ശേഖരിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള കായംകുളത്തുള്ള ഒരാളുടെ സാമ്പിള്‍ അവിടെ എടുക്കാനുള്ള നടപടികള്‍ ചെയ്തതായി നോഡല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. മാമ്മന്‍ പി.ചെറിയാന്‍ അറിയിച്ചു.
സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും യാതൊരുവിധ നിയന്ത്രണവും പാലിക്കാതെയാണ് നഗരസഭയിലെ മഴുവങ്ങാട് മീന്‍ചന്ത പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പുലര്‍ച്ചെ 4 മുതല്‍ 5 വരെ 700-800 പേരാണ് ദിവസവും മത്സ്യ മാര്‍ക്കറ്റിലെത്തുന്നത്. മറ്റു സ്ഥലത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ രോഗഭീതിയില്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള ആളുകളുടെ ഒഴുക്ക് വര്‍ധിച്ചത്. ഇതു നിയന്ത്രിക്കാന്‍ ആരോഗ്യ, പൊലീസ് വകുപ്പുകള്‍ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.