തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന കിഴക്കൻ മുത്തൂർ – മനയ്ക്കച്ചിറ റോഡിൽ പൈപ്പ് പൊട്ടിയതു മൂലം വാഹന യാത്രികർക്ക് യാത്രാദുരിതം വർദ്ധിച്ചിരിക്കുകയാണ്.
തിരുവല്ല കിഴക്കൻ മുത്തൂരിലടക്കം ആറിടങ്ങളിലാണ് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പൈപ്പ് പൊട്ടൽ മൂലം രൂപപ്പെട്ട കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം കാൽ നടയാത്ര പോലും ഏറെ ദുഷ്ക്കരമാക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് മേൽ കുഴികളിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്. പൈപ്പ് പൊട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.