തിരുവല്ല : പെരിങ്ങരയിലെ അനധികൃത നിർമ്മാണവുമായ ബന്ധപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പൊടിയാടി – കാരയ്ക്കൽ -കൃഷ്ണപാദം റോഡിൽ പെരിങ്ങര കാനേകാട്ട് ജംഗ്ഷന് സമീപം നടന്നുവന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത മതിൽ നിർമ്മാണം തടഞ്ഞുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി.
അനധികൃത മതിൽ നിർമ്മാണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ എത്തി നിർമ്മാണം നിറുത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയും തൊഴിലാളികളും തുടർന്നും പണികൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിനെ ഗ്രാമ പഞ്ചായത്ത് അധികൃതർ വിവരമറിയിക്കുകയായിരുന്നു.
ഇതേതുടർന്നാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്. അനധികൃത നിർമ്മാണം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പെരിങ്ങര വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സംഭവത്തിൽ മേൽനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.