തിരുവല്ല: വെള്ളക്കെട്ടൊഴിയാത്ത റെയിൽവേ അടിപ്പാത ഗതാഗത തടസത്തിനും യാത്രാ ദുരിതത്തിനും ഇടയാക്കുന്നതായി പരാതി. എംസി റോഡിനെയും ടികെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിൽ ഇരുവെള്ളിപ്രയിലെ അടിപ്പാതയിൽ പതിവാകുന്ന വെള്ളക്കെട്ടാണ് വൻ യാത്രാ ദുരിതത്തിന് കാരണമാകുന്നത്.
വേനൽക്കാലമൊഴിച്ചുള്ള മുഴുവൻ സമയത്തും അടിപ്പാത വെള്ളക്കെട്ടിലാണ്. അശാസ്ത്രീയ നിർമാണമാണ് അടിപ്പാതയിൽ വെള്ളക്കെട്ട് പതിവാകാൻ ഇടയാക്കിയത്. രണ്ട് ചെറിയ കുന്നുകളുടെ താഴ് വാരാത്ത് പണിത അടിപ്പാതയിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാതായതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ഇക്കാരണത്താൽ ചെറിയ ഒരു മഴ പെയ്താൽ പോലും അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടും. കടുത്ത വെള്ളക്കെട്ട് മൂലം കാലവർഷക്കാലത്ത് വാഹന ഗതാഗതം ആഴ്ചകളോളം മുടങ്ങുന്ന അവസ്ഥയുമുണ്ട്. നൂറു കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നു പോകുന്ന പ്രധാന പാതയാണിത്. കഴിഞ്ഞ കാലവർഷക്കാലത്ത് അടിപ്പാത പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇരു കരകളിലേക്കും പോകാൻ ഇവിടെ കടത്തു വള്ളമിട്ടിരുന്നു. അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഈ റൂട്ടിലോടിയിരുന്ന കഐസ്ആർടിസി ബസ് ഒരു വർഷം മുന്‍പ് സർവീസ് നിർത്തലാക്കി. അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരപരിപാടികൾക്കായി ജനകീയ സമിതിക്ക് രൂപം നൽകിയതായി കണ്‍വീനർ പറഞ്ഞു.