തിരുവല്ല: നിർമാണം പുരോഗമിക്കുന്ന റോഡിൽ ഗതാഗത നിരോധനം ലംഘിച്ച് കടന്നുകയറിയ ക്രെയിൻ അടക്കമുള്ള ഭാരവാഹനങ്ങൾ നാട്ടുകാർ തടഞ്ഞിട്ടു. മണിക്കൂറുൾക്ക് മുമ്പ് ടാറിങ് നടത്തിയ റോഡിൽ കടന്നു കയറിയ ഭാരവാഹനങ്ങൾ റോഡിലെ ടാറിങ് തകർത്തതിൽ പ്രതിഷേധിച്ചാണ് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കായി ക്വാറി വേസ്റ്റുമായി എത്തിയ ടോറസുകളും ക്രെയിനുമാണ് കഴിഞ്ഞ രാത്രി നാട്ടുകാർ തടഞ്ഞിട്ടത്.
രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്ന കുറ്റൂർ-മനയ്ക്കച്ചിറ-കിഴക്കൻ മുത്തൂർ റോഡിലെ ടാറിങ്ങിനാണ് കേടുപാട് സംഭവിച്ചത്. കിഫ്ബിയിൽനിന്ന് അനുവദിച്ച 23കോടി ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്ന റോഡിെൻറ ടാറിങ് വെള്ളിയാഴ്ച രാവിലെ മുതലാണ് കുറ്റൂർ ജംഗ്ഷനിൽനിന്ന് ആരംഭിച്ചത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ ഗതാഗതം നിരോധിച്ചുകൊണ്ട് കുറ്റൂർ ജംഗ്ഷനിൽ ബോർഡും സ്ഥാപിച്ചിരുന്നു. ഈ ബോർഡുകൾ എടുത്തുമാറ്റിയാണ് ക്രെയിൻ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ റോഡിലേക്ക് കടന്നുകയറിയത്. റോഡിൻറ 200 മീറ്ററോളം ഭാഗത്തെ ടാറിങ്ങിനാണ് കേടുപാട് സംഭവിച്ചത്. കേടുപാട് സംഭവിച്ച ഭാഗം റീടാറിങ് നടത്തിയതായി കരാർ കമ്പനി സൈറ്റ് എൻജിനീയർ പറഞ്ഞു.