തിരുവല്ല : ഇച്ഛാശക്തിയോടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ വിജയത്തിലെത്തിക്കുകയുള്ളൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല ഹോട്ടല്‍ തിലകില്‍ ഭക്ഷ്യോത്പാദനം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ നടത്തുന്ന ദ്വിദിന ക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സ്വയം സംരംഭകര്‍ ഏറി വരുന്ന കാലമാണ്. കഴിവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാര്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നു. വ്യവസായ വകുപ്പ് അതിന് വേണ്ട എല്ലാവിധ സഹായവും ചെയ്തു നല്കുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ഭക്ഷ്യോത്പാദന രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ലിസിയാമ്മ സാമുവേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭക്ഷ്യോത്പാദന രംഗത്ത് സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും സംരംഭകര്‍ക്കുമായാണ് ദ്വിദിന ഭക്ഷ്യോത്പാദന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിച്ചത്. നൂതന സാങ്കേതിക വിദ്യകള്‍, ഉത്പാദന രീതികള്‍, മേഖലകള്‍, ആകര്‍ഷകമായ പാക്കേജിംഗ്, ബാര്‍കോഡിംഗ്, ലേബലിംഗ്, ഭക്ഷ്യ ഇന്‍ക്യുബേഷന്‍ സെന്റര്‍, പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള മൂല്യധിഷ്ഠിത ഉത്പന്നങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ്, ഫുഡ് സേഫ്ടി നിയമങ്ങള്‍ വിപണനതന്ത്രങ്ങള്‍, മാംസാധിഷ്ഠിത ഉത്പന്നങ്ങള്‍, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന- ജില്ലാതല എംഎസ്എംഇ അവാര്‍ഡ് ജേതാക്കളായ തിരുവല്ല ജോളി ഫുഡ്‌സ് ഉടമ ജോളി ഈപ്പനെയും, വടശേരിക്കര ആശ ഫുഡ് പ്രൊഡക്ട്‌സ് ഉടമ ആശാ ഷാജിയെയും പരിപാടിയില്‍ ആദരിച്ചു.