കോഴിക്കോട് : തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്തമഴയില്‍ ടൗണിലെ ബസ് സ്റ്റാന്‍ഡും തിരുവമ്പാടി-കൂടരഞ്ഞി റോഡും വെള്ളത്തില്‍ മുങ്ങി. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളില്‍ വെള്ളം കയറുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികള്‍. ഉച്ചക്ക് ശേഷം മൂന്നരയോടെ തുടങ്ങിയ മഴ അഞ്ചുവരെ ശക്തമായി തുടര്‍ന്നു. ടൗണ്‍ പരിസരത്തെ കക്കുണ്ട്-ഇരുവഴിഞ്ഞി പുഴ തോട് വ്യാപകമായി സ്വകാര്യവ്യക്തികള്‍ കൈയേറിയതോടെയാണ് തിരുവമ്പാടിയില്‍ വെള്ളക്കെട്ട് രൂക്ഷമായത്. നാല് മീറ്റര്‍ വീതിയുണ്ടായിരുന്ന തോട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒന്നര മീറ്ററായി ചുരുങ്ങിയിരുന്നു. ബസ് സ്റ്റാന്‍ഡിന് പിറകില്‍ റീസര്‍വേ 78ല്‍ ഉള്‍പ്പെട്ട അഞ്ച് ഏക്കറോളമുള്ള വയല്‍ – നീര്ത്തടഭൂമി മണ്ണിട്ട് നികത്തിയതും വെള്ളപ്പൊക്കത്തിന് കാരണമാണ്. വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത് വ്യാപാരികളും യാത്രക്കാരുമാണ്.
തിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപം തോട്ടില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെ ബഹുനില കെട്ടിടം നിര്‍മിക്കുന്നത് ഈയിടെ വിവാദമായിരുന്നു. കെട്ടിടനിര്‍മാണ പ്ലാന്‍ നിയമാനുസൃതമായതിനാലാണ് കെട്ടിടത്തിന് അനുമതി നല്‍കിയതെന്നായിരുന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബസ് സ്റ്റാന്‍ഡില്‍ ഓവുചാല്‍ നവീകരണപ്രവൃത്തി രണ്ടാഴ്ച മുമ്പ് തുടങ്ങിയിരുന്നു. മഴ തുടങ്ങിയതോടെ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.