തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യസ്ഥാപനങ്ങളിലെ വീഴ്ചയ്ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്ഥാനത്ത് 117 ആശുപത്രികളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.
കൊവിഡ് വര്‍ധനവിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ 117 ആശുപത്രികളില്‍ അഗ്‌നിശമന സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. ഇതില്‍ 50 എണ്ണം കൊവിഡ് ആശുപത്രിയാണ്. ഇതില്‍ പതിനാല് ആശുപത്രികള്‍ക്ക് എന്‍.ഒ.സി ഇല്ല. 16 ആശുപത്രികളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആര്‍.സി.സി, എസ്.എ.ടി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.