തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചയും അധികൃതരുടെ അലംഭാവവും മൂലം തിരുവനന്തപുരം എയർപോർട്ടിൽ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിക്കും പോലിസിനും പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം എയർപോർട്ടിലെ സ്റ്റാഫുകൾക്കുള്ള പാർക്കിങ് സ്ഥലത്ത് നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. മറ്റ് മൂന്നു ബൈക്കുകൾ മോഷ്ടിക്കാനും ശ്രമം നടന്നു. കെഎൽ 33 ജെ 5615 നമ്പരിലുള്ള പൾസർ ബൈക്കാണ് മോഷണം പോയത്. ഇതിനെതിരേ ജീവനക്കാർ രംഗത്തുവന്നിട്ടും സംഭവം പുറത്തുവിടാൻ എയർപോർട്ട് അധികൃതർ തയ്യാറായിട്ടില്ല. ജീവനക്കാർ പോലിസിൽ പരാതി നൽകിയിട്ടുമുണ്ട്. സിസിടിവി ക്യമാറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന പോലിസ് നിർദേശവും എയർപോർട്ട് അതോറിറ്റി പാലിക്കുന്നില്ല.
നാല് മാസത്തിനിടെ മൂന്നാമത്തെ മോഷണമാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ട് മാസം മുമ്പ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെ ബൈക്കുടമ പിടികൂടി അധികൃതർക്ക് മുന്നിലെത്തിച്ചെങ്കിലും നടപടിയെടുക്കാൻ എയർപോർട്ട് അതോറിറ്റി തയ്യാറായില്ല. കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന് പിന്നിൽ പ്രദേശവാസികളായ രണ്ട് വിദ്യാർഥികളാണെന്ന് സിസിടിവിയിൽ നിന്നും വ്യക്തമായതാണ്. എയർപോർട്ട് മാനേജ്മെന്റിന് സമീപത്തെ ക്യാമറയിൽ നിന്നാണ് ഇവരുടെ ദൃശ്യങ്ങൾ ലഭിച്ചത്. എന്നിട്ടും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പാർക്കിങ് ഏരിയയിൽ യാതൊരുവിധ സുരക്ഷയും പരിശോധനയുമില്ല. ആർക്കുവേണമെങ്കിലും രാത്രിയിൽ 100 രൂപയുടെ പാസെടുത്ത് അകത്തുകയറി എന്തുവേണമെങ്കിലും കാട്ടിക്കൂട്ടാമെന്ന സ്ഥിതിയാണുള്ളത്. വെളിച്ചമില്ലാത്ത കാർ പാർക്കിങ് മേഖല രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഇവിടെ ഒഴിഞ്ഞ മദ്യക്കുപ്പികൾ വ്യാപകമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം. അടുത്തിടെ ഇവിടെ അനാശാസ്യ പ്രവർത്തനത്തിന് എത്തിയവരെ കാർ ഡ്രൈവർമാർ ഓടിച്ചുവിടുകയായിരുന്നു.
എയർപോർട്ടിന് പരിസരത്ത് സുരക്ഷാ കാമറയോ പോലിസ് പെട്രോളിങ്ങോ കാര്യക്ഷമമല്ല. എയർപോർട്ടിന് അകത്തും പുറത്തുമുള്ള സുരക്ഷ കാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. പോലിസും ഇക്കാര്യം വ്യക്തമാക്കുന്നു. സ്റ്റാഫിനുള്ള പാർക്കിങ് മേഖലയിൽ കാമറകൾ നിശ്ചലമാണ്. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ മിക്ക സ്ഥലത്തും വെളിച്ചമില്ല. രണ്ട് സിപിഒമാരെ മാത്രമാണ് രാത്രിയിൽ പോലിസ് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. എയർപോർട്ട് മുഴുവനും ഇവര്‍ പരിശോധന നടത്തുകയെന്നത് പ്രായോഗികവുമല്ല. വാഹനത്തിൽ പോലിസ് പെടോളിങ് നടത്തണമെന്നാണ് ജീവനക്കാർ പറയുന്നത്.