തിരുവനന്തപുരം:പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഭാര്യയും ആറ് വയസ്സുള്ള മകനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് രാവിലെ പോത്തൻകോട് പൂലന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുടംബവഴക്കാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവർ കേരളത്തിലെത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.