കോട്ടയം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ പിന്നില്‍ ഒളിക്കുന്ന നിലപാട് ആരും എടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ അതിന്‍റെ പ്ലാറ്റ്ഫോമില്‍ പറഞ്ഞ് തീര്‍ക്കണം. തീ കെടുത്താന്‍ ശ്രമിക്കുമ്ബോള്‍ പന്തംകുത്തി ആളിക്കത്തിക്കരുത്. ഉമ്മന്‍ചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരുള്ള വ്യക്തിയാണ് അദ്ദേഹമെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
കോട്ടയം ഡി.സി.സി ഒാഫീസില്‍ നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തലക്ക് ദുഃഖിക്കേണ്ടി വരും. ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ചെന്നിത്തല പ്രസംഗിച്ചതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി ക്ഷീണത്തിലാണ്, അത് മനസിലാക്കി വേണം പ്രതികരണങ്ങള്‍. പുതിയ കെ.പി.സി.സി. നേതൃത്വത്തിന് തടസം കൂടാതെ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.