ചെങ്ങന്നൂർ: തിരുവൻവണ്ടുർ മഹാക്ഷേത്രത്തിൽ കീഴ്ശാന്തിയുടെ നിയമനം വൈകുന്നതിൽ ഭക്തർക്ക് പ്രതിഷേധം
കഴിഞ്ഞ രണ്ടര മാസമായി പകരം വ്യവസ്ഥയിലാണ് ഒരു കീഴ്ശാന്തി ഇവിടെ ജോലി നോക്കിയിരുന്നത്. മകരവിളക്ക് മഹോത്സവം കഴിഞ്ഞതോടെ അദ്ദേഹം ജോലി വിട്ടു പോയി. 2019 ഒക്ടോബറിലാണ് ഇവിടെയുണ്ടായിരുന്ന കീഴ്ശാന്തി സ്ഥലംമാറി പോയത് . അതോടെ അനിശ്ചിതത്വം ആരംഭിക്കുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഒന്നാണ് പഞ്ചപാണ്ടവ ക്ഷേത്രങ്ങളിൽ ഒന്നായ മഹാവിഷ്ണു ക്ഷേത്രം . ഈ സങ്കേതത്തിൽ തന്നെയാണ് ഗോശാലകൃഷ്ണന്റെ ക്ഷേത്രവും. കൂടാതെ ഉപദേവതകളായ (ഗണപതി, മഹാദേവൻ, ശാസ്താവ് ) എന്നിവയും ഉണ്ട്. പ്രധാനക്ഷേത്രങ്ങളിൽ നേദ്യം അടക്കം അഞ്ചു പൂജയും ,നവകവും, മൂന്ന് നേരം ശീവേലിയും ഉണ്ട്. കൂടാതെ പാൽപ്പായസം , ത്രിമധുരം, നേദ്യം ,തുലാഭാരം, ചോറൂണ്, ഉപദേവ നടകളിൽ നിർമ്മാല്യം, ഗണപതി ഹോമം , ധാര , നീരാഞ്ജനം , മുഴുക്കാപ്പ് , നേദ്യം നടത്തൽ , ദീപാരാധന എന്നിവയെല്ലാം ഉണ്ട്. കീഴ്ശാന്തിയുടെ ഉത്തരവാദിത്വത്തിൽ നടത്തേണ്ട കർമ്മങ്ങളാണ് ഇവ. ശിവേലിയ്ക്കുള്ള വെള്ളച്ചോറ് നേദ്യം, വിശേഷാൽ പൂജയ്ക്കുള്ള (പാമ്പണയപ്പൻ പൂജ ) ശർക്കരപ്പായസം, ഉണ്ണിയപ്പം എന്നിവ തയ്യാറാക്കുന്നതും കീഴ്ശാന്തിയുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ ഈ ജോലികളെല്ലാം ചെയ്യുന്നത് രണ്ട് ക്ഷേത്രങ്ങളിലെ നിലവിലുള്ള മേൽശാന്തിമാരാണ്. ഇതിൽ ഒരാൾ മെയ് മാസത്തിൽ പെൻഷൻ ആവുകയാണ്. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മറന്നാണ് അദ്ദേഹവും മറ്റ് ഇതര ജോലികൾ ചെയ്തു വരുന്നത്. മുൻപ് രണ്ട് കീഴ്ശാന്തിമാർ ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ ഒരാൾ ചെയ്യുന്നത്. ദേവസ്വം ബോർഡ് തസ്തിക വെട്ടി ചുരുക്കുകയായിരുന്നു. ഇത് മൂലം നിലവിലുള്ള ആളിന്റെ അധ്വാനഭാരം ഇരട്ടിച്ചിട്ടുണ്ട്.
2018- ജൂൺ മാസത്തിലാണ് നിലവിൽ ഉണ്ടായിരുന്ന കീഴ്‌ശാന്തി സ്ഥലം മാറിപ്പോയത്. പിന്നീട് 6 മാസത്തിനു ശേഷം 2019 ജനുവരിയിലാണ് കീഴ്ശാന്തിയുടെ നിയമനം ബോർഡ് നടപ്പാക്കിയത്. ജീവനക്കാരന്റെ ഒഴിവ് നികത്താത്തതിനാൽ വഴിപാടുകൾ നടത്തുവാൻ താമസം നേരിടുന്നതു കൊണ്ട് ഭക്തർ അസംതൃപ്തരാണ്. ഇത് അവിടുത്തെ വരുമാനത്തെയും സാരമായി ബാധിച്ചുകഴിഞ്ഞു. ബോർഡ് നൽകുന്ന കുറഞ്ഞ വേതനമാണ് പകരത്തിന് ശാന്തിക്കാരെ കിട്ടാൻ അഭാവം. 17-ന് മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര അടിയന്തിര കാര്യങ്ങൾ ഏറെയാണ്. ഇതൊക്കെ അവതാളത്തിലാകുമെന്നുള്ള ആശങ്കയിലാണ് ഭക്തർ.
തിരുവൻവണ്ടുർ മഹാ ക്ഷേത്രത്തിലെ കീഴ്ശാന്തി നിയമനം അടിയന്തിര പ്രാധാന്യത്തോടെ നടത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർക്കും മേൽഘടകത്തിനും സബ് ഗ്രൂപ്പ് ആഫീസർ നാരായണൻ നമ്പൂതിരി നിവേദനം നൽകി. പകരത്തിന് പോലും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും ഇപ്പോൾ ശീവേലിക്ക് മാത്രമായി മറ്റൊരു ക്ഷേത്രത്തിലെ ശാന്തിക്കാരനെ പ്രത്യേകം ഇവിടെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.