ഇടുക്കി : തൊടുപുഴ ബീവറേജസില്‍ മദ്യം വാങ്ങാനെത്തിയ മുട്ടം സ്വദേശി ജോസാണ് ജീവനക്കാരെ ആക്രമിച്ചതും കുത്തിപ്പരിക്കേൽപ്പിച്ചതും. മദ്യക്കുപ്പി പൊതിഞ്ഞു കൊടുത്തില്ലെന്ന് പറഞ്ഞാണ് ജോസ് ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടലാസിൽ പൊതിയാതെ മദ്യക്കുപ്പി കിട്ടിയതിൽ കുപിതനായ ജോസ് ജീവനക്കാരെ ആദ്യം അസഭ്യം പറയുകയും പിന്നീട് ഓഫീസിനകത്തേക്ക് തള്ളിക്കയറാനും ജോസ് ശ്രമിച്ചു.
ഇത് ജീവനക്കാർ തടഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ജോസ് ജീവനക്കാരെ കുത്തുകയായിരുന്നു. ബെവ്കോ ജീവനക്കാരായ ജോർജുകുട്ടി, സെക്യൂരിറ്റി ജീവനക്കാരായ കരീം, ബാബു എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ തൊടുപുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെടാൻ ജോസ് ശ്രമിച്ചു. എന്നാൽ ഇവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി.
ബെവ്കോയ്ക്ക് തൊട്ടടുത്താണ് പോലീസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ സംഭവം നടന്നയുടൻ പോലീസ് സ്ഥലത്തെത്തി. ജോസിനെ നാട്ടുകാർ പിന്നീട് പോലീസ്സിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ വേറെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. തൊടുപുഴ പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. ജോസിനെ ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.