തൊടുപുഴ : കേരളത്തിലെ പ്രഗത്ഭനായ ക്യാമറ മെക്കാനിക്ക് തൊടുപുഴ ചിറ്റക്കാട്ട് സുബ്രഹ്മണ്യൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് തൊടുപുഴ മാങ്ങാട്ട് കവലയിലെ വീട്ടുവളപ്പില്‍. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബ്രഹ്മണ്യൻ ഇന്ന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
ക്യാമറകള്‍ നന്നാക്കുന്നതില്‍ വളരെ പ്രഗത്ഭനായ സുബ്രഹ്മണ്യനെത്തേടി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ തൊടുപുഴയില്‍ എത്തുമായിരുന്നു. ആരോടും കൂടുതല്‍ പ്രതിഫലം വാങ്ങാറുണ്ടായിരുന്നില്ല. സ്റ്റുഡിയോക്കാരുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്നു സുബ്രഹ്മണ്യൻ ചേട്ടന്‍. ആദ്യകാലത്ത് സ്റ്റില്‍ ക്യാമറകളും പിന്നീട് വീഡിയോ ക്യാമറകളും കൈകാര്യം ചെയ്തു. വാച്ച് മെക്കാനിക്കായി ജീവിതം തുടങ്ങിയെങ്കിലും വളരെ യാദൃശ്ചികമായി ക്യാമറയുടെ ഇഷ്ടതോഴന്‍ ആകുകയായിരുന്നു. വിപണിയില്‍ ഉള്ള ഏതു ക്യാമറയും നന്നാക്കുവാന്‍ ഇദ്ദേഹത്തിന് കഴിയുമായിരുന്നു. അരനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള പ്രഗത്ഭനായ ക്യാമറ മെക്കാനിക്കിനെയാണ് കേരളത്തിന് നഷ്ടമായത്.