തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിൽ കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപിക്കും എതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ഈ കേസുമായി ബന്ധപ്പെട്ടു തൊണ്ടയിൽ തൂമ്പവെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണു നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവുമെന്ന് ഐസക് ആരോപിച്ചു. മിനിറ്റിനു മിനിറ്റിനു പ്രസ്താവനയും പത്രസമ്മേളനവുമായി സജീവമായിരുന്നവരെയൊന്നും ഇപ്പോൾ കാണാനേയില്ല. ആകെക്കൂടി ഒരു പ്രസ്താവനാസമാധി. ഒരുകാര്യം വ്യക്തമായി. കള്ളപ്പണം ഇല്ലാതാക്കാൻ നോട്ടുനിരോധിച്ചവരുടെ കൈവശമാണ് ഇന്നു മുഴുവൻ കള്ളപ്പണവും. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണക്കുത്തകയായി ബിജെപി മാറിയെന്നും ഐസക് പറഞ്ഞു.
കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആർഎസ്എസ്, ബിജെപി നേതാക്കളുടെ ബന്ധം പോലീസ് വെളിപ്പെടുത്തിയിരുന്നു. പണം ഡ്രൈവർക്കു കൈമാറിയ ധർമരാജൻ ആർഎസ്എസ് പ്രവർത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ എസ്പി ജി.പൂങ്കുഴലി വെളിപ്പെടുത്തി. കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധർമരാജനായിരുന്നു. ഇയാൾക്കു പണം കൈമാറിയതു യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും എസ്പി പറഞ്ഞു. ബിജെപി ഉന്നത നേതൃത്വവുമായി ധർമരാജനുള്ള ബന്ധം പോലീസിനു ലഭിച്ചതാണു കേസിൽ വഴിത്തിരിവായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ സുനിൽ നായിക് ട്രഷററായിരുന്നു.