തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി. പ്രവാസി ചിട്ടിയിലെ നിക്ഷേപ തുക കിഫ്ബിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമായാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ചിട്ടി നിയമങ്ങള്‍ ലംഘിച്ച് നിക്ഷേപക തുക ട്രഷറിയില്‍ നിക്ഷേപിക്കാതെ കിഫ്ബിയിലേക്ക് കൈമാറി. ഇതിന് ഒരു അനുമതിയും തേടിയിട്ടില്ല. ചിട്ടി നിയമം ഇത് അനുവദിക്കുന്നില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നുതായും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കിഫ്ബിയുടെ പശ്ചാത്തലത്തില്‍ വ്യാപക കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. തോമസ് ഐസക് അഴിമതിക്ക് വേണ്ടി എല്ലാ വകുപ്പുകളെയും ദുരുപയോഗം ചെയ്യുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. മന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രിക്കും വേണ്ടി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പലരും സന്ദര്‍ശിച്ചുവെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. 15 ഓളം പേരാണ് ആദ്യ ദിവസം സ്വപ്നയെ സന്ദര്‍ശിച്ചത്. മത്രമല്ല കോഫെ പോസെ കേസ് പ്രതിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് കസ്റ്റംസിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സന്ദര്‍ശന വിവരങ്ങളൊന്നും ജയില്‍ രജിസ്റ്ററില്‍ ഇല്ലെന്നും ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നൂറോളം പേര്‍ സ്വപ്നയെ സന്ദര്‍ശിച്ചുവെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.