തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ആന്റണി രാജുവിന് അയോഗ്യത നേരിടേണ്ടി വന്നിരുന്നു. അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്ന് ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി ആസ്ട്രേലിയൻ പൗരൻ പിടിയിലാവുകയും അന്നത്തെ കേസിൽ പ്രതിഭാഗം അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാൻ കൂട്ടുനിന്നു എന്നുമാണ് കേസ്. 1994-ൽ രജിസ്റ്റർ ചെയ്ത കേസിൽ 2006-ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.































