കൊല്ലം : ബോട്ട് മാർഗ്ഗംവഴി ആസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11പേർ പോലീസ് പിടിയില്‍. ഇതിൽ 2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്. കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു വരുന്നു.
ആഗസ്റ്റ് 19 ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര്‍ ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതാകുകയായിരുന്നു. തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഈ രണ്ടുപേരെക്കുറിച്ചുള്ള വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പോലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൌരന്‍ന്മാരെ കണ്ടെത്തിയത്. മൂന്നുമുറികളിലായാണ് ഇവരുടെ താമസം. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്.
ഈ സംഘത്തിൽകൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. 85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേർ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാൽ തിരിച്ചുപോയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനും പോലീസ് ശ്രമം ആരംഭിച്ചു.