പത്തനാപുരം: പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പത്തനാപുരം മുത്തൂകുഴി പറങ്കിമാംവിള വീട്ടിൽ നിജാസ് (26), അമ്പലപ്പുഴ വണ്ടാനം ചെണ്ടാന പള്ളിൽ വീട്ടിൽ ശ്രീകുമാർ (25) എന്നിവരെയാണ് പത്തനാപുരം എസ്. ഐ ശരലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി പത്തനാപുരം നെടുപറമ്പ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം വിദേശമദ്യശാലയിലെ ജീവനക്കാരനെ കൈയേറ്റം ചെയ്തതിന് പാതിരിക്കൽ പുതുക്കുന്ന് റിയാസ് മൻസ്സിലിൽ റിയാസ് ഖാനെ പൊലീസ് പിടികൂടി.
ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസ് ജീപ്പ് തടഞ്ഞ് നിർത്തുകയും ബലംപ്രയോഗിച്ച് പ്രതിയെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പോലീസിനെ ഭീഷണിപ്പെടുത്തിയ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്.ഐ സാബു ലൂക്കോസ്, സിവിൽ പോലീസ് ഓഫിസർമാരായ ഷിബുമോൻ, സുവർണ ലാൽ, ഷമീർ, സനൽ, ഹോം ഗാർഡ് നസീർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു.