ഡല്‍ഹി : രാജ്യത്ത് തോട്ടിപ്പണി നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഒന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന 2013ലെ തോട്ടിപ്പണി നിരോധന, പുനരധിവാസ നിയമത്തില്‍ ഭേദഗതി വരുത്തി, ശിക്ഷ കൂടുതല്‍ കഠിനമാക്കാനാണ് തീരുമാനം.
വ്യക്തികളോ ഏതെങ്കിലും ഏജന്‍സികളോ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ അഞ്ചുലക്ഷം രൂപ പിഴയോ അഞ്ചുവര്‍ഷം വരെ തടവോ രണ്ടുംകൂടിയോ ശിക്ഷയാണ് ബില്‍ നിഷ്കര്‍ഷിക്കുന്നത്.
വിഷലിപ്തമായ ആള്‍നൂഴികള്‍, കക്കൂസ് ടാങ്കുകള്‍, ഓവുചാലുകള്‍ എന്നിവ വൃത്തിയാക്കുന്നതിന് പൂര്‍ണ യന്ത്രവത്കരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കക്കൂസ് മാലിന്യം, ചളിവെള്ളം എന്നിവ വൃത്തിയാക്കുന്നതിനും കൊണ്ടുപോകുന്നതിനും യന്ത്രവത്കൃത സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മുനിസിപ്പാലിറ്റികള്‍ സജ്ജമാകണം. ഇത്തരം തൊഴിലിടങ്ങളില്‍ അപകടം സംഭവിക്കുന്ന തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരവും ബില്‍ ഉറപ്പുനല്‍കുന്നു. ഇതുള്‍പ്പെടെ 23 ബില്ലുകളാണ് തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുക.