മലപ്പുറം : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഭീഷണി മുഴക്കിയ മുസ്ലീം യൂത്ത് ലീഗ് നേതാവിന് എതിരെ പോലീസ് കേസ് എടുത്തു. യൂത്ത് ലീഗ് മലപ്പുറം തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാഖിന് എതിരെ തിരൂരങ്ങാടി പോലീസാണ് കേസ് എടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈകാര്യം ചെയ്യും എന്നായിരുന്നു പ്രസംഗം. തലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. ഭീഷണി പ്രസംഗത്തിനെതിരെ കെ.ജി.എം.ഒ.എ രംഗത്ത് വന്നിരുന്നു.
ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു യു എ റസാഖിൻ്റെ ഭീഷണി. ആശുപത്രിൽ വെച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ എന്നും വേണ്ടി വന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നും യു എ റസാഖ് ഭീഷണിപ്പെടുത്തിയിരുന്നു. ഡോക്ടർമാർ തെമ്മാടികളാണെന്നും ഇയാൾ ആക്ഷേപിച്ചിരുന്നു. ആശുപത്രിയ്ക്ക് മുന്നിൽ ഡോക്ടർമാരുടെ അനാസ്ഥയെന്നാരോപിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു ഭീഷണി പ്രസംഗം. ഭീഷണിയ്ക്ക് പിന്നാലെ കെ.ജി.എം.ഒ.എ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു എ റസാഖിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.