തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ മുന്‍മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പടെ മൂന്നുപേര്‍ കൊച്ചിയില്‍ പിടിയില്‍. മുന്‍ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്റ് പി.എസ് ആയിരുന്ന സതീഷ് ചന്ദ്രന്‍, ഇടനിലക്കാരായ മൈമൂദ്, ബിജു എന്നിവരാണ് പിടിയിലായത്. കൊച്ചി മെട്രോ, കാംകോ, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ദേവസ്വംബോര്‍ഡ് കോളജുകള്‍ എന്നിവയുടെ പേരിലായിരുന്നു തട്ടിപ്പ്. കൊച്ചി എളംകുളത്ത് താമസിക്കുന്ന സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലെ മാനേജര്‍ തസ്തികയില്‍നിന്ന് വിരമിച്ചയാളാണ് സതീഷ് ചന്ദ്രന്‍. മുന്‍ ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി നടത്തിയതിന് അന്വേഷണ വിധേയനായിട്ടുണ്ട്.
ജോലി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ എറണാകുളം സൗത്ത് പൊലീസ് സതീഷ് ചന്ദ്രനെയും ഇയാളുടെ ഇടനിലക്കാരായ മൈമൂദ്, ബിജു എന്നിവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലായി അന്‍പതിലധികംപേര്‍ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തി. രണ്ട് കോടിയിലധികം രൂപ ബാങ്ക് അക്കൗണ്ട് വഴി പ്രതികള്‍ കൈപ്പറ്റിയതിന്റെ തെളിവ് ലഭിച്ചു. സമാനകുറ്റത്തിന് സതീഷ് ചന്ദ്രനെതിരെ കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ കേസുണ്ട്. പ്രതിയില്‍നിന്ന് പിടികൂടിയ ലാപ്ടോപ്പും പെന്‍ഡ്രൈവും പരിശോധിക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.