കോഴിക്കോട്: വീട്ടമ്മയെയും മകളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതി ഉള്‍പ്പെടെ ജാമ്യമെടുത്ത് മുങ്ങി നടന്ന മൂന്ന് പേര്‍ ഒരേ ദിവസം പിടിയിലായി. എലത്തൂര്‍ പുത്തേക്കാട്ട് വീട്ടില്‍ രാജീവന്‍ (50), കുരുവട്ടൂര്‍ പറമ്പില്‍ സ്വദേശി മല്ലിശ്ശേരി ഫ്‌ളാറ്റില്‍ മുബഷീര്‍ (39), കോട്ടാംപറമ്പ് സ്വദേശി പുതുക്കുളങ്ങര വീട്ടില്‍ വിജീഷ് (43) എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. 2010ലാണ് അയല്‍വാസിയായ സ്ത്രീയെയും മകളെയും രാജീവന്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. പറമ്പത്ത് ഇയാള്‍ വാടകക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ എസ്‌ഐ നിമിന്‍ കെ ദിവാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിമിന്‍, സന്ദീപ് സെബാസ്റ്റ്യന്‍, പ്രസാദ്, സിപിഒ ഇംതിയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
2011ലാണ് ലഹരി ഗുളികകളുമായി മുബഷീറിനെ പിടികൂടിയിരുന്നത്. ജാമ്യം നേടിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന മുബഷീറിനെ കഴിഞ്ഞ ദിവസം ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാനച്ഛന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ മകന്‍ വീടുവിട്ടിറങ്ങിയ സംഭവത്തിലാണ് വിജീഷിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പെരിങ്ങൊളത്ത് മറ്റൊരു പേരില്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.