കൊച്ചി : തൃക്കാക്കരയിലെ പണിക്കിഴി വിവാദത്തിൽ ഡി.സി.സി അന്വേഷണ കമ്മീഷൻ ഇന്ന് ഡി.സി.സി അദ്ധ്യക്ഷന് റിപ്പോർട്ട് കൈമാറും. നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ പണം നൽകിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട്. അദ്ധ്യക്ഷ പണം നൽകിയെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലര്‍ വി.ഡി സുരേഷിനെ തെളിവെടുപ്പിനായി വിളിപ്പിക്കുന്നില്ല.
സംഭവം പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ ഗൂഡാലോചനയാണെന്നും ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസ് കൗൺസിലര്‍മാരിൽ ചിലരും ഇതിനൊപ്പം നിന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പാർട്ടിയുടെ ഔദ്യോഗിക പ്രതികരണത്തിന് ശേഷം നിലപാടെടുക്കുമെന്ന് കോൺഗ്രസ് കൗൺസിലര്‍ വി.ഡി സുരേഷ് പ്രതികരിച്ചു.
ആരോപണ വിധേയയായ അജിത തങ്കപ്പനിൽ നിന്നും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരിൽ നിന്നും തെളിവെടുപ്പ് നടത്തിയ അന്വേഷണ കമ്മീഷൻ തൃക്കാക്കരയിൽ നടക്കുന്നത് ഭരണപക്ഷത്തിനെതിരായ ഗൂഡാലോചനയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭരണം തുടങ്ങിയത് മുതൽ പ്രതിപക്ഷം നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് പുതിയ വിവാദവും. കോൺഗ്രസ്സിലെ തന്നെ ഗ്രൂപ്പ് പോര് ഇതിന്‍റെ ആക്കം കൂട്ടി. മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കോൺഗ്രസ്സ് കൗൺസിലർമാർക്കിടയിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്.