മൂവാറ്റുപുഴ : തൃക്കളത്തൂര്‍ വാഹനാപടകടത്തില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമര്‍നാഥ് ആര്‍ പിള്ള (20) ആണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തത്ക്ഷണം മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
ബാംഗ്ലൂരില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു അമര്‍നാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴയ്ക്ക് അടുത്ത് എം.സി റോഡില്‍ തൃക്കളത്തൂരില്‍ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമര്‍നാഥിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന്‍ ആദിത്യന്‍ (23), കുന്നേല്‍ ബാബുവിന്റെ മകന്‍ വിഷ്ണു (24), സഹോദരന്‍ അരുണ് ബാബു (22) എന്നിവരാണ് നേരത്തെ മരിച്ചത്. ആദിത്യന്റെയും അമര്‍നാഥിന്റെയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്ണുവും അരുണ്‍ ബാബുവും.