തൃശൂര്‍ : തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത്. ആറ് അംഗങ്ങളുള്ള ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 25 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്.
യുഡിഎഫിന് 24 ഉം അംഗങ്ങളുണ്ട്. മേയര്‍ എംകെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ട് വന്നത്. വികസന പ്രവര്‍ത്തനത്തിനു തുരങ്കം വെക്കുക മാത്രമാണ് നീക്കത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പറയുന്നു. അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പ്രമേയം തള്ളി പോകും. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച എംകെ വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.
രണ്ടര വര്‍ഷം മേയര്‍ സ്ഥാനം നല്‍കാമെന്നാണ് ധാരണ. എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ട് വരുന്ന ഘട്ടത്തില്‍ അഞ്ചു വര്‍ഷവും മേയര്‍ സ്ഥാനം എംകെ വര്‍ഗീസ് ആവശ്യപ്പെട്ടേക്കും. ഇത് വഴി എല്‍ഡിഎഫ് ക്യാമ്പില്‍ അതൃപ്തി ഉണ്ടാക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്. നിസാര കാര്യങ്ങള്‍ പോലും വിവാദമാക്കിയും സിപിഎമ്മിനോട് ആലോചിക്കാതെ ബിജെപി എംപി സുരേഷ് ഗോപിയില്‍ നിന്ന് ശക്തന്‍ മാര്‍ക്കറ്റിനു വേണ്ടി ധനസഹായം കൈപ്പറ്റിയതും പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് യുഡിഎഫിന്റെ അവിശ്വാസ നീക്കം.