തൃശ്ശൂര്‍ : തൃശ്ശൂര്‍ കോർപ്പറേഷൻ കുടിശ്ശിക നോട്ടീസ് നൽകിയത് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ ലോഡ്ജിങ്ങ് ഹൗസ് ഉടമ മാർട്ടിൻ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും തൃശൂർ ഉപഭോക്തൃ കോടതി വിധി പറഞ്ഞത്. ഹർജിക്കാരനായ മാർട്ടിൻ തോമസിന് കുടിശ്ശിക ആരോപിച്ച് 39,641 രൂപയുടെ നോട്ടീസാണ് തൃശ്ശൂര്‍ കോർപ്പറേഷൻ നൽകിയത്. 2001 മാർച്ച് വരെയുള്ള സംഖ്യയാണ് ഇപ്രകാരം ആവശ്യപ്പെട്ടിരുന്നത്. നോട്ടീസിൽ റീഡിംഗുകളോ കണക്കുകളോ പരാമർശിച്ചിരുന്നില്ല. വ്യക്തമല്ലാത്ത നോട്ടീസിലൂടെ വന്‍തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് മാർട്ടിൻ തോമസ് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോർപ്പറേഷന്റെ ഭാഗത്തുനിന്ന് രണ്ട് സാക്ഷികളെ വിസ്തരിച്ചു. എന്ന് മുതലുള്ള കുടിശ്ശികയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പോലും വ്യക്തമാക്കുവാൻ കോർപ്പറേഷന് കഴിഞ്ഞില്ല. എതിർകക്ഷികളുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, തൃശ്ശൂര്‍ കോർപ്പറേഷൻ ഹർജിക്കാരന് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നും കോടതി ചിലവിലേക്ക് 2000 രൂപ നൽകുവാനും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.