തൃശ്ശൂർ: തൃശ്ശൂർ ഡിസിസിയിലെ തല്ലില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ ദില്ലിയിലെത്തി. കെസി വേണുഗോപാലിനെയും വി ഡി സതീശനെയും കെ സുധാകരനെയും കാണും. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് ജോസ് വള്ളൂർ ദില്ലിയില്‍ എത്തിയത്. അതിനിടെ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷം ഡിസിസി വാർത്താ കുറിപ്പ് പുറത്തിറക്കി. ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറ മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്നാണ് ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ‘മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെയും അനുയായികളുടെയും ക്രൂരമർദ്ദനമേറ്റ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ പഞ്ചു തോമസും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി എം എൽ ബേബി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി മോൻ, ജില്ലാ സെക്രട്ടറി അഖിൽ ബാബുരാജ്, ബൈജു പുത്തൂർ, നിഖിൽ ജോൺ, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടുകൂടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ ഉണ്ടായിരുന്ന കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയേയും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ കോഡിനേറ്റർ പഞ്ചു തോമസിനെയും ഇവർ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിച്ചുവെന്നും ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.