തൃശൂര്‍: ഇലഞ്ഞിത്തറ മേളത്തില്‍ ലയിച്ച് തൃശൂര്‍. ഇത്തവണ പെരുവനം കുട്ടന്‍ മാരാരിന് പകരം മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറിയപ്പോള്‍ താളം പിടിക്കാന്‍ ആയിരങ്ങളാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. വടക്കുംനാഥ ക്ഷേത്രത്തിലെ ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഇലഞ്ഞിത്തറ മേളം ആരംഭിച്ചത്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂര്‍ പൂരത്തിനാരംഭം കുറിച്ചത്.
പിന്നാലെ നൈതലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമെത്തി. ആയിരങ്ങളാണ് തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ എത്തിച്ചേര്‍ന്നത്. ഇലഞ്ഞിത്തറ മേളത്തിന് ശേഷം ഏവരും കാത്തിരിക്കുന്ന വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കും.