തൃശൂര്‍: തൃശ്ശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയില്‍ നിശ്ചിത പ്രദേശത്ത് ഭൂമിക്കടയില്‍ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഭയപ്പെടാനായി ഒന്നുമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭൂമിക്കടിയില്‍ നിന്ന് വെള്ളം തിളക്കുന്ന ശബ്ദം ഉപേക്ഷിക്കപ്പെട്ട കുഴല്‍ കിണറില്‍ നിന്നുള്ളതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശവാസികള്‍ ഈ ശബ്ദം കേള്‍ക്കുന്നതും അധികൃതരെ വിവരം അറിയിക്കുന്നതും.
പുറത്തുനിന്ന് വ്യക്തമായി കേള്‍ക്കാനാവുന്ന തരത്തിലായിരുന്നു ശബ്ദം. വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തേക്ക് നിരവധി ആളുകള്‍ എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്ന് അത്ഭുത ശബ്ദമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച്ച തൃശൂര്‍ വരന്തരപ്പിള്ളി ആമ്പല്ലൂര്‍ മേഖലയിലും മുഴക്കം ഉണ്ടായിരുന്നു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് തൃശൂരില്‍ മുഴക്കം ഉണ്ടാകുന്നത്.