തൃപ്രയാർ : നാട്ടികയിൽ വൻ കവർച്ച. അടിച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണവും 20,000 രൂപയും കവർന്നു. പന്ത്രണ്ടാം കല്ലിൽ എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുരളിയും കുടുംബവും വിദേശത്താണ്. ബുധനാഴ്ച രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് മോഷണം നടന്നതായി അറിഞ്ഞത്. ഇരുനില വീടിെൻറ മുകൾവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നിട്ടുള്ളത്.
താഴത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. സി.സി.ടി.വി കാമറ ഉപയോഗിച്ച് വീട്ടുകാർ വിദേശത്തിരുന്ന് വീട് നിരീക്ഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ കാണാതായതോടെ വീട്ടുടമ ജോലിക്കാരിയെ അറിയിച്ചു. അവർ വന്ന് നോക്കിയപ്പോഴാണ് സിസിടിവി നശിപ്പിക്കാൻ ശ്രമിച്ചതായി കണ്ടത്. തുടർന്ന് വീട് തുറന്ന് നോക്കിയപ്പോൾ സിസിടിവിയുടെ മോണിറ്റർ കാണാതായതായും മോഷണം നടന്നതായും അറിഞ്ഞു. ഒരുമാസം മുമ്പാണ് മുരളിയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എസ്.ശങ്കർ സ്ഥലത്തെത്തി. വലപ്പാട് ഇൻസ്പെക്ടർ കെ.എസ് സുശാന്തിെന്‍റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.