കോന്നി : ഗവി വനങ്ങളിലെ സൗന്ദര്യത്തിന് പകിട്ടേകിയിരുന്ന തുമ്പോർജിയ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലും പൂത്തുലഞ്ഞു. കുട പോലെ പടർന്ന് പന്തലിച്ച് നിൽക്കുന്ന തുമ്പോർജിയ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സന്ദർശകർക്ക് തണലും അതിലേറെ കൗതുകവും പകരുന്നതാണ്. വള്ളിപ്പടർപ്പുകൾക്ക് കീഴെ സ്ഥാപിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ സമയം ചിലവഴിക്കാൻ പ്രായ ഭേതമന്യേ സന്ദർശകരും എത്താറുണ്ട്. ഗവി വനങ്ങളിൽ കണ്ടുവരുന്ന ഈ സസ്യം കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പ് അധികൃതർ നട്ടുപിടിക്കുകയായിരുന്നു.
പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് അധികൃതർ തുമ്പോർജിയ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിച്ചത്.വള്ളി മുറിച്ചാണ് നടുന്നത്.ചാണകവും ആട്ടിൻ കാഷ്ഠവും തുമ്പോർജിയ്ക്ക് വളമായി നല്കാറുണ്ടെങ്കിലും കോന്നിയിൽ ആന പിണ്ഡമാണ് വളമായി നൽകിയത്.ഒരുമാസം കൊണ്ട് വള്ളികൾ വളർന്ന് പടർന്ന് തുടങ്ങും.ഉദ്യാനങ്ങളിൽ പൂ പന്തലുകൾ നിർമ്മിച്ച് നൽകിയാൽ വള്ളികൾ പൂ പന്തലിലിന്റെ ആകൃതിയിൽ പടർന്ന് കയറുകയും വേനൽ കാലത്ത് പോലും തണുപ്പ് പ്രധാനം ചെയ്യുകയും ചെയ്യും.
വർഷത്തിൽ ഒരിക്കലാണ് തുമ്പോർജിയ പൂക്കാറുള്ളത്.വെളുത്ത പുഷ്പങ്ങളുള്ള തുമ്പോർജിയ കാണുവാൻ പ്രത്യേക അഴകാണ്.പൂക്കൾ കോഴയുമ്പോൾ നീളമുള്ള വള്ളികളിൽ നിറയുന്ന ചെറിയ കായ്കളും ഈ വള്ളിച്ചെടിക്ക് പ്രത്യേക അഴക് സമ്മാനിക്കുന്നുണ്ട്.മികച്ച ഒരു ഔഷധം കൂടിയാണ് തുമ്പോർജിയ ശരീരത്തിൽ ഉണ്ടാകുന്ന നീര് ഇല്ലാതാക്കുന്ന ഈ സസ്യം ഇടിച്ച് പിഴിഞ്ഞ് നീരെടുത്ത് ആട്ടിൻ പാലും വെളിച്ചണ്ണയും കൂടി കലർത്തി ചൂടാക്കി തലയിൽ തേച്ചാൽ മുടി കൊഴിച്ചിൽ ഇല്ലാതാവുകയും മുടി തഴച്ച് വളരുകയും ചെയ്യും.