തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം-കാസർകോട് റൂട്ടിലേത്. 215 ശതമാനമാണ് കേരളത്തിന്റെ സ്വന്തം വന്ദേ ഭാരതിന്റെ ഒക്യുപൻസി റേറ്റ്. ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു എന്നതാണ് ഒക്യുപൻസി റേറ്റ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് 203 ശതമാനമാണ് ഒക്യുപൻസി റേറ്റ്. കോയമ്പത്തൂർ -ചെന്നൈ വന്ദേഭാരതും സെക്കന്ദരാബാദ്- തിരുപ്പതി വന്ദേബാരത് എക്‌സ്പ്രസും കൂടിയ ഒക്യുപൻസി റേറ്റോട് കൂടി തൊട്ടുപിന്നാലെയുണ്ട്. 150-ന് മുകളിലാണ് ഇവയുടെ ഒക്യുപൻസി റേറ്റ്.ആവശ്യത്തിന് യാത്രക്കാരില്ല എങ്കിൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയാക്കാനുള്ള തയാറെടുപ്പുകളോടെയാണ് കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്.
എന്നാൽ, ഇതിന്റെ ആവശ്യം വരില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. തുടക്കത്തിൽ വന്ദേഭാരതിനോടുള്ള കൗതുകം കുറവായിരുന്നെങ്കിലും നിലവിൽ 100 ശതമാനം ബുക്കിംഗ് ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ രാജ്യത്തെ മറ്റ് പല വന്ദേഭാരതിനും ഇത്രയും കളക്ഷൻ ലഭിക്കുന്നില്ല. അതേസമയം സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേഭാരത് എക്‌സ്പ്രസിന്റെ വരുമാനം രണ്ട് കോടി എഴുുപത് ലക്ഷം രൂപയാണ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയിരിക്കുന്നത്. മെയ് 14 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ഇതിനോടകം തന്നെ വിറ്റ് പോയി.