കോതമംഗലം : പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. കോട്ടപ്പടി പ്ലാമൂടി ചേറ്റൂര്‍ റോസിലി (51)നെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആളുകള്‍ കൂടി ബഹളം വെച്ചപ്പോള്‍ റോസിലിയെ ഉപേക്ഷിച്ച് പുലി ഓടി മറഞ്ഞു. റോസിലിയെ ആദ്യം കോതമംഗലം ധര്‍മഗിരി ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പ്ലാമൂടി ചേറ്റൂര്‍ മാത്യുവിന്റെ പറമ്പില്‍ മഞ്ഞളിന് വളം ഇടുവാന്‍ പോയപ്പോള്‍ ആണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൃഷി ചെയ്തിരുന്ന മഞ്ഞളിനിടയില്‍ പതുങ്ങിയിരിക്കുകയായിരുന്ന പുലി റോസിലിയുടെ ദേഹത്തേയ്ക്ക് ചാടി വീഴുകയായിരുന്നു. പുലിയുടെ പിടുത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകള്‍ കടിച്ചു പറിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു.