പത്തനംതിട്ട : പുലിപ്പേടിയില്‍ പത്തനംതിട്ട നഗരസഭയിലെ കുമ്പഴ നിവാസികള്‍. ഇന്ന് രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത് കുമ്പഴ തുണ്ടുമണ്‍കര ഭാഗത്ത് കുഴിപ്പറമ്പില്‍ പ്രസന്ന അനിലിന്റെ വീടിനു സമീപമാണ്. കാല്‍പ്പാടുകള്‍ വ്യക്തമാണ്. നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍പെട്ട പ്രദേശമാണ് ഇത്. വാര്‍ഡ് കൌണ്‍സിലര്‍ അംബിക വേണു സ്ഥലത്തെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇത് പുലിയാണെന്ന് സ്ഥിരീകരിക്കുവാന്‍ കഴിയൂ എന്ന് അംബിക വേണു പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയില്‍ കുമ്പഴ നെടുമാനാല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി താമസക്കാര്‍ പറഞ്ഞിരുന്നു. വനപാലകര്‍ എത്തി പരിശോധനകള്‍ നടത്തിയെങ്കിലും തെളിവുകള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് അവര്‍ തിരികെ പോയിരുന്നു. കാല്‍പ്പാടുകള്‍ മുറ്റത്ത് പതിഞ്ഞിരുന്നുവെങ്കിലും കനത്ത മഴയില്‍ അവ മാഞ്ഞിരുന്നു. വീട്ടുകാരുടെ കൈവശം ക്യാമറ ഫോണ്‍ ഇല്ലാതിരുന്നതിനാല്‍ ഫോട്ടോയും എടുക്കുവാനും കഴിഞ്ഞിരുന്നില്ല. വീട്ടിലെ പ്രായമായ കുടുംബനാഥന്‍ ശബരിമലയില്‍ ഉള്‍പ്പെടെ പണികള്‍ക്ക് പോയിട്ടുള്ളതാണെന്നും തനിക്ക് പുലിയെ വ്യക്തമായി തിരിച്ചറിയാമെന്നും താന്‍ കണ്ടത് പുലിതന്നെയെന്നും ഉറപ്പിച്ചു പറഞ്ഞെങ്കിലും വനപാലകര്‍ ഇത് മുഖവിലക്ക് എടുത്തില്ല. ഇന്നലെ രാത്രിയില്‍ നായ്ക്കളുടെ ഉച്ചത്തിലുള്ള കുര കേള്‍ക്കാമായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. ഇന്ന് പുതിയ കാല്‍പ്പാടുകള്‍ കണ്ടതോടെ കഴിഞ്ഞദിവസം കണ്ട പുലിതന്നെയാണ് ഇവിടെയും വന്നതെന്ന് കരുതുന്നു. രണ്ടു സ്ഥലങ്ങളും തമ്മില്‍ ഒരുകിലോമീറ്ററില്‍ താഴെ ദൂരം മാത്രമേയുള്ളൂ. എന്തായിരുന്നാലും കടുത്ത ആശങ്കയിലാണ് നഗരവാസികള്‍.