ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫിന്റെ ടൈഗര്‍ സ്‌പോർട്ട് 800 അവതരിപ്പിച്ചു. ടൈഗര്‍ 850-യ്ക്ക് പകരക്കാരനായാണ് 800-ന്റെ വരവ്. 115 എച്ച്.പി കരുത്തും 84 എൻ.എം ടോർക്കുമുള്ള പുതിയ 798 സി.സി. 3സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ടൈഗർ 900 ജി.ടിയേക്കാളും കൂടുതൽ ശക്തനാണ് സ്‌പോട്ട് 800. 2025 മാർച്ച് മുതൽ ആഗോള തലത്തിൽ വാഹനം ലഭ്യമാകും. ഇന്ത്യയിലിത് ചിലപ്പോൾ ഒരു വർഷംകൂടി നീണ്ടേക്കാം. ടൈഗര്‍ 660-യുമായി ഏറെ സാമ്യമുള്ളതാണ് 800-ന്റെ ഡിസൈൻ. കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവമാണുള്ളത്. ഡ്യൂവൽ എൽ.ഇ.ഡി ഹെഡ്ലാമ്പ്, മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന വൈസർ, കനം കുറഞ്ഞ അലൂമിനിയം അലോയ് വീലുകൾ, വീതിയേറിയ ഹാൻഡിൽ ബാർ, ആകര്‍ഷകമായ രൂപത്തിലുള്ള ഫ്യുവല്‍ ടാങ്ക്, ടേൺ ബൈ ടേൺ നാവിഗേഷനും സ്മാർട് ഫോൺ കണക്ടിവിറ്റി സംവിധാനങ്ങളോടുകൂടിയ എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്രസ്റ്റർ എന്നിവയാണുള്ളത്. ഡെറ്റോണ 650, ടൈഗർ 650 മോഡലുകളുടെ അതേ ഡിസ്പ്ലേയാണിത്.
17 ഇഞ്ച് ടയറുകളാണ് മുന്നിലും പിന്നിലും. 850-യിൽ ഇത് 19,17 ആയിരുന്നു. മുന്നിൽ 120/70-ZR17, പിന്നിൽ 180/55-ZR 17 സ്റ്റിക്കി സ്പോർട്-ടൂറിങ് മിഷലിൽ ടയറുകളാണുള്ളത്. സ്പോർട്, റെയിൻ, റോഡ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളാണുള്ളത്. ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനങ്ങളുമുണ്ട്. ‘ഷോവ’യുടെ 41എംഎം യുഎസ്ഡി ഫോർക്കും മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.മുൻഭാഗത്ത്, റേഡിയൽ മൗണ്ടഡ് 4-പിസ്റ്റൺ കാലിപ്പറുകളുമായി യോജിപ്പിച്ച 310എം.എം ഡിസ്ക് ബ്രേക്കും പിന്നിൽ സിങ്കിൾ പിസ്റ്റൺ കാലിപ്പറുള്ള 255 എം.എം ഡിസ്ക് ബ്രേക്കുമാണ് ഉള്ളത്. 18.6 ലിറ്റർ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സ്പോർട് 800-ന്, 214 കിലോഗ്രാമാണ് ഭാരം. യെല്ലോ, ബ്ലൂ, ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.ബി.എം.ഡബ്ല്യൂ F900 XR, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2, വരാനിരിക്കുന്ന കവാസാക്കി വെർസിസ് 1100 എന്നിവയാണ് ടൈഗര്‍ സ്‌പോർട്ട് 800-ന്റെ എതിരാളികൾ. 12620 പൗണ്ടാണ് യൂറോപ്യൻ മാർക്കറ്റില വാഹനത്തിന്റെ വില. ഇതനുസരിച്ച് ഏകദേശം 13ലക്ഷം രൂപയായിരിക്കും ഇന്ത്യയിലെ എക്സ് ഷോറും വില.