പത്തനംതിട്ട: ജില്ലാ ലേബര്‍ ഓഫീസറുടെ തീരുമാനം തിരുവനന്തപുരം ഡെപ്യുട്ടി ലേബര്‍ കമ്മിഷണര്‍ സുനില്‍ തോമസ് റദു ചെയ്തു. കോന്നി ഫോറസ്റ്റ് ഡിവിഷനിലെ തവളപ്പാറ തേക്ക് കൂപ്പിലെ ചുമട്ടുകൂലി തര്‍ക്കത്തില്‍ തീര്‍പ്പ് കല്പിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പത്തനംതിട്ട ലേബര്‍ ഓഫീസര്‍ എടുത്ത നടപടിക്കെതിരെ പത്തനംതിട്ട ഡിസ്ട്രിക്ട് ഫോറസ്റ്റ് ടിമ്പര്‍ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യുണിയന്‍ (ഐ എന്‍ ടി യു സി ) പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ സമര്‍പ്പിച്ച അപ്പീലിന്മേല്‍ വാദം കേട്ടാണ് ലേബര്‍ കമ്മിഷണറുടെ നടപടി.
തവളപ്പാറ തേക്ക് കൂപ്പില്‍ തടികള്‍ ലേലത്തില്‍ പിടിച്ച കരാറുകാര്‍ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് തടി കയറ്റുന്നതിന് പോലീസ് സംരക്ഷണം ഹൈക്കോടതിയില്‍ നിന്ന് സമ്പാദിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം . കേസില്‍ കക്ഷി ചേര്‍ന്ന തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിഷയം പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ പരിഗണനയിലുള്ളതാണെന്ന് കോടതിയില്‍ വാദിച്ചതിനെ തുടര്‍ന്ന് 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ രണ്ട് ലേബര്‍ ഓഫീസര്‍മാര്‍ ആ സ്ഥാനത്ത് വന്ന് പോയി. കോടതി ഉത്തരവിനെ തുടര്‍ന്ന് ചുമതലപ്പെട്ട ഡെപ്യുട്ടി ലേബര്‍ ഓഫീസര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പ് ഉണ്ടായില്ല.
ചുമട്ടു തൊഴിലാളി നിയമപ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ലേബര്‍ ഓഫീസര്‍ കൂലി നിശ്ചയിച്ചുകൊണ്ട് ഉത്തരവിട്ടു. ചുമട്ടു തൊഴിലാളി നിയമത്തിലെ 26 (എ) വകുപ്പ് പ്രകാരം തൊഴില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള തൊഴിലാളികള്‍ക്കായി ലേബര്‍ ഓഫീസര്‍ തൊഴില്‍ നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഉത്തരവ് യുണിയനുകളുടെ ഹര്‍ജിയെ തുടര്‍ന്ന് പീന്നിട് ഹൈക്കോടതി റദു ചെയ്യുകയും അപ്പലേറ്റ് അതോറിറ്റിയായ ഡെപ്യുട്ടി ലേബര്‍ കമ്മിഷണറുടെ തീരുമാനം ഇരു കക്ഷികളും അംഗികരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
നാലുതവണ പത്തനംതിട്ടയിലെത്തി ഇരു കക്ഷികളുടെയും വാദം കേട്ട ശേഷമാണ് കമ്മിഷണറുടെ നടപടി. തൊഴിലാളി യുണിയനുകള്‍ക്ക് വേണ്ടി ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ഹാജരായി. അന്തിമ കൂലി നിശ്ചയിക്കുമ്പോള്‍ ബാക്കി ലോഡിംഗ് കൂലിക്ക് തൊഴിലാളികള്‍ക്ക് അര്‍ഹത ഉണ്ടെങ്കില്‍ ആ തുക പിന്നീട് നല്‍കാമെന്ന വ്യവസ്ഥയില്‍ ലോഡിംഗ് ജോലികള്‍ തടസമില്ലാതെ നടക്കുന്നുണ്ടെങ്കിലും തര്‍ക്കം നിയമപരമായി തീരാത്തതിനാല്‍ പുതുക്കിയ കൂലി നിശ്ചയിക്കുന്നതിനായി ഈ മാസം 14 ന് ജില്ലാ ലേബര്‍ ഓഫീസര്‍ വീണ്ടും കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.