പന്തളം : ബാങ്കുദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടൽ തുണച്ചു. ഇരട്ടിപ്പണം കിട്ടുമെന്ന് പറഞ്ഞത് വിശ്വസിച്ച് അക്കൗണ്ടിൽ കിടന്ന പതിനാറുലക്ഷം രൂപ ഏതോ തട്ടിപ്പുസംഘത്തിന് ട്രാൻസ്ഫർ ചെയ്യാനെത്തിയ വീട്ടമ്മ തട്ടിപ്പിൽപ്പെടാതെ രക്ഷപെട്ടു. ഫെഡറൽ ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരായ അഖില റോയ്, ഗോകുൽ ജി. പിള്ള, അനൂപ് എസ്. കുമാർ, ശാഖാ മാനേജർ അൽഫോൻസ് ടോം തോമസ് എന്നിവരുടെ ജാഗ്രതയാണ് ഇവർക്ക് തുണയായത്. ഒരു അക്കൗണ്ടിലേക്ക് അത്യാവശ്യമായി പതിനാറ് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചത്. പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ എവിടേക്കാണ്, എന്താവശ്യത്തിനാണ് ട്രാൻസ്ഫർ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിക്ഷേപത്തിന് വേണ്ടിയാണെന്നായിരുന്നു മറുപടി. ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പേരുവിവരങ്ങൾ ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ഇവരുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെട്ടവരുമായി ബന്ധപ്പെട്ടു.
എന്നാൽ കാര്യങ്ങൾ ഗുണഭോക്താവിനോട് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നായിരുന്നു മറുപടി. അതിനിടെ പണം എത്രയും വേഗം അയയ്ക്കണമെന്ന നിലപാടിൽ വയോധിക ഉറച്ചുനിന്നു. പ്ലാറ്റ്‌ഫോം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ പത്തനംതിട്ട സൈബർ ക്രൈം ഓഫീസിൽ അറിയിച്ചു. സൈബർ ക്രൈം ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടും ഇൻവെസ്റ്റ് പ്ലാറ്റ്‌ഫോം തട്ടിപ്പാണെന്ന് വീട്ടമ്മ വിശ്വസിച്ചില്ല. പണം അയയ്‌ക്കാൻ വിസമ്മതിച്ച ബാങ്കുദ്യോഗസ്ഥരോട് പിണങ്ങി അവർ മടങ്ങി. മറ്റൊരു ബാങ്കിൽനിന്നും നേരത്തേ പണം അയച്ചിരുന്ന വയോധികയ്ക്ക് നിക്ഷേപം നഷ്ടമായ സംഭവം അറിഞ്ഞതോടെയാണ് ഇവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടത്. തുടർന്ന് അവർ വീണ്ടും ബ്രാഞ്ചിൽ എത്തി ഉദ്യോഗസ്ഥർക്ക് നന്ദി അറിയിച്ചു.