ചെങ്ങന്നൂർ: ടിപ്പർലോറി കാറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോട്ട ലക്ഷംവീട് കുറ്റിയിൽ പി.ജി രവിയുടെയും ശോഭന രവിയുടെയും മകൻ അനന്തു രവി (24) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി മരണമടഞ്ഞത്.
ജനുവരി 10-ന് വൈകിട്ട് 5ന് എംസി റോഡിൽ മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമായിരുന്നു അപകടം . പന്തളം ഭാഗത്തേക്ക് പോയ ടിപ്പർ ലോറി അതേ ദിശയിൽ സഞ്ചരിച്ച കാറിനെ ഇടിക്കുകയും കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന അനന്തുവിന്റെ സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. തുടര്‍ന്ന്‍ റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിലും ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുളക്കുഴ പെട്രോൾ പമ്പിലെ ജീവനക്കാരനാണ് അനന്തു.
അലക്ഷ്യമായി വാഹനമോടിച്ചതിന് ടിപ്പർ ലോറിയുടെ ഡ്രൈവർ കോട്ട ഗോകുലം വീട്ടിൽ അഭിനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഭാഗം സ്ഥിരമായി വാഹനാപകടം ഉണ്ടാകുന്ന സ്ഥലമാണ്. ചെങ്ങന്നൂർ ഇൻഡോർ സ്റ്റേഡിയം നിർമ്മാണ പ്രവർത്തനത്തിനായി ഓടുന്ന ടിപ്പർ ലോറിയാണ് അപകടം സൃഷ്ടിച്ചത്. മീന, രശ്മി എന്നിവർ
അനന്തുവിന്റെ സഹോദരങ്ങളാണ്. സംസ്കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.