റാന്നി: ടിപ്പര്‍ ലോറിയുടെ അടിയില്‍പെട്ട് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. അരുവിക്കല്‍ ഉന്നക്കാവ് സ്വദേശി തേക്കുംകാലായില്‍ എം.പി ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജ്(42) ആണ് മരിച്ചത്.
അങ്ങാടി ചെട്ടിമുക്ക് സിറ്റാഡല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ടിപ്പര്‍ ലോറിയുടെ പിന്‍വശത്തെ ചക്രങ്ങള്‍ തലയുടെ ഒരു വശത്തുകൂടി കയറിയാണ് മരണം. റാന്നി എച്ച്.ഡി.എഫ്.സി ബാങ്കിലെ കളക്ഷന്‍ ഏജന്‍റായിരുന്നു ജെസ്റ്റിന്‍ ജോര്‍ജ്ജ് . വീട്ടില്‍ നിന്നും റാന്നിയിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. റോഡരികിലെ കുഴിയില്‍ വീഴാതെ ഇരുചക്ര വാഹനം വെട്ടിച്ചപ്പോള്‍ ടിപ്പര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നെവെന്നാണ് കരുതുന്നത്. റാന്നി പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: മേരിക്കുട്ടി, ഭാര്യ- ജോസി, മക്കള്‍ – ഒലീവിയ, ഒമേറ.