ന്യൂഡൽഹി : ഇന്ന് വൈകുന്നേരം പ്രഖ്യപിച്ചിരിക്കുന്ന സിജെപി തിരംഗ മാർച്ച് നേരിടാന് മുന്കരുതലെന്നോണം അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ദീപ്കെയുടെ വസതിയിൽ ഡൽഹി പോലീസ് എത്തി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെൻട്രൽ പാർക്കിൽ തന്നെ മാർച്ച് നടത്തുമെന്നും പോലീസ് കടത്തിവിടില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സിജെപി വ്യക്തമാക്കിയിരുന്നു. ഭീഷണിയും അധികാരവും ഉപയോഗിച്ച് ജനകീയ പ്രതിഷേധങ്ങളെ പേടിപ്പിച്ച് കീഴടക്കാമെന്ന് കരുതേണ്ടതില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ഏകാധിപത്യ നിലപാടുകൾക്ക് മുന്നിൽ വഴങ്ങാതെ, എന്ത് പ്രതിസന്ധിയുണ്ടായാലും രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധം ലക്ഷ്യത്തിലെത്തിക്കുമെന്നാണ് സംഘടനയുടെ ഉറച്ച തീരുമാനം. സിജെപിയുടെ തിരംഗ മാര്ച്ച് പ്രഖ്യാപനത്തിന് സെൻട്രൽ പാര്ക്ക് ഇന്നലെ അടച്ചിരുന്നു. പാര്ക്ക് അടച്ചിടുന്നത് ഭരണപരമായ കാര്യങ്ങള് കൊണ്ടാണെന്നാണ് മുനിസിപ്പല് കോര്പറേഷന്റെ വിശദീകരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് സെന്ട്രല് പാര്ക്കില് ‘തിരംഗ മാര്ച്ച്’ നടത്തുമെന്നായിരുന്നു സിജെപിയുടെ പ്രഖ്യാപനം.
എല്ലാവരും ദേശീയപതാകയുമായി എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന് അഭിജീത് ദീപ്കെ അഭ്യര്ഥിക്കുകയും ചെയ്തിരുന്നു. വോട്ടര് പട്ടികയിലെ തീവ്രപരിഷ്കരണ നടപടികള് റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തര്മന്തറില് ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാര്ച്ച്. പിന്നാലെയാണ് സെന്ട്രല് പാര്ക്ക് അടച്ചത്. ഇതിനിടെയാണ് അഭിജീത് ദീപ്കെയെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം.




























