കുറുമ്പകര : പുതുവൽ-കുന്നിട കുറുമ്പകര റൂട്ടിലെ തിരുമങ്ങാട് പാലം ഭീഷണിയാകുമ്പോഴും പുതുക്കിപ്പണിയാൻ നടപടിയില്ല. കുറേ നാളുകളായി ഇവിടെ സ്ഥിരം അപകടങ്ങൾ ഉണ്ടാകുകയാണ്. കൈവരികളും പാലത്തിനോട് ചേർന്നുള്ള അരികുകളും തകർന്നിട്ട് നാളുകളായി. ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കൽ കോളേജ് ആശുപത്രി, മാലൂർ കോളേജ് എന്നിവിടങ്ങളിലേക്കുള്ള വഴിയുമാണിത്.
58 വർഷം മുൻപാണ് പാലം പണിതത്. പാലത്തോട് ചേർന്നുള്ള റോഡിന്റെ അരികെല്ലാം ഇടിഞ്ഞ് വീതികുറഞ്ഞു. കൊടുംവളവിൽ അപകടാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിരന്തരം നാട്ടുകാർ ആവശ്യപ്പെടുമ്പോഴും അധികാരികൾ വേണ്ട പരിഗണന നല്കിയിട്ടില്ല. അടുത്തകാലത്താണ് കാർ ഇവിടെ താഴേക്ക് മറിഞ്ഞത്. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേർ ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്. സാധനങ്ങൾ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന വാൻ പാലത്തിനോട് ചേർന്നുള്ള കുഴിയിലേക്ക് മറിഞ്ഞതും അടുത്തിടെയാണ്.