ചെന്നൈ : തമിഴ്‌നാട്ടില്‍ 40കാരനെ പോലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ യുവാവിനെ ചെക്ക്‌പോസ്റ്റില്‍ വെച്ച് വാഹന പരിശോധനയ്ക്കായി തടഞ്ഞുനിര്‍ത്തി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ആക്രമണത്തില്‍ ബോധരഹിതനായ 40കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സേലം പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
സേലം പപ്പാനായ്ക്കന്‍പട്ടി ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുരുകേശനാണ് പോലീസ് അതിക്രമത്തില്‍ മരിച്ചത്. കര്‍ഷകനായ മുരുകേശന്‍ കൂട്ടുകാരുമൊന്നിച്ച് ബൈക്കില്‍ മദ്യപിക്കാന്‍ പോയി. മദ്യപിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. ചെക്ക്‌പോസ്റ്റില്‍ വെച്ച് പോലീസുകാര്‍ വാഹനം തടഞ്ഞു. ഇതില്‍ കുപിതനായ മുരുകേശന്‍ പോലീസിനോട് തട്ടിക്കയറിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടുകാര്‍ മുരുകേശനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പെരിയസ്വാമി മുരുകേശനെ ക്രൂരമായി ലാത്തി കൊണ്ട് തല്ലുകയായിരുന്നു. ലാത്തിയുടെ അടി കൊണ്ട് ബോധംകെട്ടു വീണ മുരുകേശനെ ഉടന്‍ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയി. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം അറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.