പത്തനംതിട്ട : പെരുന്നാട് ഗ്രാമപഞ്ചായത്തിലെ ളാഹ, ചാലക്കയം, പമ്പ മേഖലകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പാകം ചെയ്ത ഭക്ഷണം ഊരുകളില്‍ എത്തിക്കുന്ന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിക്കായി റാന്നി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപയും പെരുന്നാട് ഗ്രാമപഞ്ചായത്ത് മൂന്നു ലക്ഷം രൂപയുമാണ് 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ നീക്കിവച്ചിരിക്കുന്നത്. പദ്ധതി കാലതാമസമില്ലാതെ പ്രാവര്‍ത്തികമാക്കുമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി പറഞ്ഞു.
ളാഹ, ചാലക്കയം, പമ്പ എന്നിവിടങ്ങളിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുക എന്നതുകൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ മുപ്പതോളം പട്ടിക വര്‍ഗ വിഭാഗത്തിലെ ഊരുകളുണ്ട്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.