തൃശുര്‍ : പുറത്തിറങ്ങണമെങ്കില്‍ കൊവിഡ് വാക്‌സിനേഷന്‍ രേഖകളടക്കം വേണമെന്ന നിബന്ധന പുറത്ത് വന്നതോടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് രൂപത്തിലാക്കുന്നതിന് ആവശ്യക്കാർ ഏറുന്നു. കൈയിൽ ഒതുങ്ങുന്ന രീതിയിൽ എ.ടി.എം കാര്‍ഡിന്റെ രൂപത്തിൽ ആണ് പലരും വാക്‌സിൻ സർട്ടിഫിക്കറ്റ് രൂപമാറ്റം ചെയ്യുന്നത്.
ഇത് കൊണ്ട് നടക്കാൻ സൗകര്യപ്രദമായതും , കീറിപോകുകയോ, അഴുക്കായി പോകുകയോ, ഇല്ലാ എന്നതുമാണ് ആവശ്യക്കാരെ കൂടുതലായി ഈ രീതിയിലേക്ക് ആകർഷിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന എ ഫോര്‍പേപ്പർ സര്‍ട്ടിഫിക്കറ്റ് കൊണ്ട് നടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇതിന് മാർക്കറ്റിൽ വലിയ ഡിമാന്റ് ആണുള്ളത്.
എ.ടി.എം കാര്‍ഡ് വലുപ്പത്തില്‍ രണ്ടു പുറങ്ങളിലായി സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ അച്ചടിച്ചു നല്‍കുകയാണ് ചെയ്യുന്നത്. പേരും വിലാസവും അടക്കം വലുതാക്കി അച്ചടിച്ച് പരിശോധനക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. കാര്‍ഡിന്റെ ഇരുപുറങ്ങളിലായാണ് സര്‍ട്ടിഫിക്കത്തിന്റെ പൂര്‍ണ്ണ വിവരങ്ങളുള്ളത്. രണ്ടുഡോസും എടുത്തവരാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ എടുത്ത് സ്ഥിരം ഉപയോഗത്തിനായി സൂക്ഷിക്കുന്നത്. ലാമിനേറ്റ് ചെയ്യുന്ന തുക കൂട്ടാതെ 80 രൂപ മുതല്‍ 130 രൂപ വരെയാണ് കാര്‍ഡുകള്‍ക്ക് വില ഈടാക്കുന്നത്.