പത്തനംതിട്ട: നവകേരള സദസില്‍ പങ്കെടുത്ത് ഉന്നയിച്ച പരാതിക്ക് 17 ദിവസങ്ങള്‍ക്ക് ശേഷം മറുപടി ലഭിച്ചെന്ന് ബെന്യാമിന്‍. വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന തടസങ്ങള്‍ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചെന്നും നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു. ”നവകേരള സദസ്സില്‍ പങ്കെടുത്ത് കാര്യങ്ങള്‍ പറഞ്ഞാല്‍ എന്ത് ഗുണം എന്ന് ചോദിച്ച ചിലരുണ്ട്. ‘ഇപ്പോള്‍ നടന്നത് തന്നെ’ എന്ന് പരിഹസിച്ചവരും ഉണ്ട്. ഡിസംബര്‍ 17ന് ആയിരുന്നു പത്തനംതിട്ടയിലെ സദസ്സ്. അന്ന് ഉന്നയിച്ച കാര്യത്തിന് കൃത്യം 17 ദിവസം കഴിഞ്ഞപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു. വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന തടസ്സങ്ങള്‍ എല്ലാം നീക്കി മന്ത്രിസഭയുടെ അനുമതി ലഭിച്ചിരിക്കുന്നു. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. വീണാ ജോര്‍ജിന് അഭിനന്ദനങ്ങള്‍.”-ബെന്യാമിന്‍ പറഞ്ഞു.
നവ കേരള സദസല്‍ പങ്കെടുത്ത് നാലു കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ഡിസംബര്‍ 18ന് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ ബെന്യാമിന്‍ പറഞ്ഞിരുന്നു. പന്തളം പാലത്തിനോട് ചേര്‍ന്ന് നടപ്പാലം, വര്‍ഷം മുഴുവന്‍ അടഞ്ഞു കിടക്കുന്ന വഴിയോര വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍, വയറപ്പുഴ പാലം പണി തുടങ്ങാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കുക, പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന പി കെ മന്ത്രിയുടെ പേരില്‍ ഒരു സ്മാരകം എന്നിവയായിരുന്നു. ഇതില്‍ വയറപ്പുഴ പാലത്തിന്റെ നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന തടസങ്ങളാണ് നീങ്ങിയത്.